
ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ വിതരണം ചെയ്യുന്നു. ഡയറക്ടർ (പ്രോജക്ട്സ്) ഡോ. എം. പി. രാം നവാസ്, , ജനറൽ മാനേജർ (എച്ച്.ആർ) മിനി ചാബ്ര, ജനറൽ മാനേജർ (സിവിൽ) ജോ പോൾ എന്നിവർ സമീപം
ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ സുരക്ഷാ ബോധവത്കരണ പരിപാടികൾ കൊച്ചി മെട്രോ സംഘടിപ്പിച്ചു. ജീവനക്കാരിലും കരാർ സ്ഥാപനങ്ങളിലെ തൊഴിലാളികളിലും സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും ജോലിസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതിനുമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ വിവിധ വിഭാഗങ്ങളിലും കരാർ സ്ഥാപനങ്ങളിലുമായി സുരക്ഷാ പരിശീലന പരിപാടികൾ, ജീവൻ രക്ഷാ പരിശീലനം, ക്വിസ് മത്സരം, ഡ്രോയിംഗ് മത്സരം, രക്തദാന ക്യാമ്പ് തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ഒരു ആഴ്ച നീണ്ടുനിന്ന പരിപാടികളുടെ സമാപന സമ്മേളനം കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നത് പൊതുഗതാഗത സംവിധാനങ്ങളിലും വൻ അടിസ്ഥാനസൗകര്യ പദ്ധതികളിലും അതീവ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയെക്കുറിച്ചുള്ള അവബോധവും പരിശീലനവും സ്ഥിരമായി ശക്തിപ്പെടുത്തുന്നത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷാ വാരാഘോഷ പരിപാടികളിൽ ഡയറക്ടർ (പ്രോജക്ട്സ്) ഡോ. എം. പി. രാം നവാസ്, ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ചീഫ് ജനറൽ മാനേജർ എ മണികണ്ഠൻ, ജനറൽ മാനേജർ (എച്ച്.ആർ) മിനി ചാബ്ര, ജനറൽ മാനേജർ (സിവിൽ) ജോ പോൾ എന്നിവർ പങ്കെടുത്തു. ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.








